കേരളത്തെ ഒരു വ്യവസായ സൗഹാർദ്ദ സംസ്ഥാനമായും ഉയർന്ന ഉത്പാദന ക്ഷമതയും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുടേയും സേവനങ്ങളുടെയും വിശ്വസനീയമായ വിതരണക്കാരായും പ്രദർശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പ്. രാജ്യത്തിനകത്തും പുറത്തുമുള്ള സുപ്രധാനമായ വ്യാപാരമേളകളിലും എക്‌സിബിഷനുകളിലും പങ്കെടുത്ത് ഈ ലക്ഷ്യം ഭാഗികമായി നേടിയെടുത്തിട്ടുണ്ട്. എന്നാൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയിലെ കൂടുതൽ സംരംഭകർക്ക്‌ പുറമെയുള്ള വിപണികളിലേക്കുള്ള പ്രവേശനം സാധ്യമാക്കേണ്ടതുണ്ട്. സംസ്ഥാനത്തിനകത്ത് ബി 2 ബി മീറ്റുകളും ട്രേഡ് മീറ്റുകളും സംഘടിപ്പിക്കുന്നതിലൂടെയും സംസ്ഥാനത്തുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെയും സംരംഭകർക്ക് ഇതിനുള്ള വലിയ സാധ്യതകളാണ് തുറന്നു കിട്ടുന്നത്. ഈ ലക്ഷ്യത്തോടെയാണ്, കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് 2022 ജൂൺ 16 മുതൽ ജൂൺ 18 വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് കേരള B2B മീറ്റിന്റെ ഏഴാമത് പതിപ്പായ ‘വ്യാപാർ 2022’ സംഘടിപ്പിക്കുന്നത്.

ലക്ഷ്യങ്ങൾ
  • ഇന്ത്യയിലും വിദേശത്തുമുള്ള വ്യാപാര സമൂഹത്തിന് കേരളത്തിന്റെ നിർമ്മാണ കഴിവനെ പ്രദർശിപ്പിക്കുക.
  • കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി സർക്കാരിന്റെ വിവിധ പരിപാടികൾ പ്രചരിപ്പിക്കുക.
  • കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിലവിലുള്ള വിപണി സാഹചര്യത്തെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളിലുള്ള സ്വാധീനത്തെക്കുറിച്ചും പൊതു സമൂഹത്തിൽ അവബോധം ഉണ്ടാക്കുക.
  • കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാങ്കേതികവും വിപണനപരവുമായ കഴിവുകൾ സമ്പന്നമാക്കുക.
  • കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ചെറുകിട/ വൻകിട വ്യാപാരികളുമായി വിനിമയം നടത്തുന്നതിനായി അവസരം ഉണ്ടാക്കുക.